‘ബ്രോ ഡാഡി’യിൽ നിങ്ങൾ ആരും ശ്രദ്ധിക്കാതെ പോയ ചില തെറ്റുകൾ; ‘ബ്രോ ഡാഡി’യിലെ ചില പിഴവുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ
കൊച്ചി: പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹൻലാൽ, പ്രിത്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം, ജനുവരി 26-ന് ഡിസ്നി+ ഹോട്ട്സ്റ്റാർ ഒ റ്റി റ്റി പ്ലാറ്റഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് മുതൽ, മികച്ച പ്രതികരണമാണ്.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം കണ്ട ശേഷമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ നിറയുമ്പോൾ, ചിലർ ‘ബ്രോ ഡാഡി’യിൽ സംഭവിച്ച ചില അബദ്ധങ്ങളും ലോജിക് ഇല്ലാത്ത കാര്യങ്ങളും കണ്ടെത്തിയിരിക്കുകയാണ്. ബാംഗ്ലൂരിൽ എത്തിയ ആദ്യ ദിനം ഈശോ (പ്രിത്വിരാജ്) അന്നയെ (കല്യാണി) ബൈക്കിൽ ആണ് കൊണ്ടുവിടുന്നത്.
അന്ന് വൈകീട്ട് നടന്ന ഒരു പാർട്ടിയിൽ, മദ്യപിച്ചതിനാൽ ഈശോ രാത്രി വീട്ടിൽ തിരിച്ചെത്തുന്നത് ഒരു കേബിൽ ആണ്. അങ്ങനെയെങ്കിൽ ഈശോ തന്റെ ബൈക്ക് ഒരു സുരക്ഷിതമായ സ്ഥലത്ത് നിർത്താനാണ് സാധ്യത. എന്നാൽ, അന്ന് രാത്രി ഈശോ, അന്നയോട് അടുത്ത ദിവസം നിന്നെ ഞാൻ ഡ്രോപ് ചെയ്യാം എന്ന് പറയുന്നുണ്ട്. ഇത് സ്ക്രിപ്റ്റിൽ സംഭവിച്ച ഒരു മിസ്റ്റേക്ക് ആണ് എന്നാണ് തോന്നുന്നത്.
മറ്റൊന്ന്, പ്രിത്വിരാജ് അവതരിപ്പിച്ച ഈശോ എന്ന കഥാപാത്രത്തിന്റെ പ്രായം സംബന്ധിച്ചുള്ളതാണ്. ഇത് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലും വലിയ ചർച്ച ആയിട്ടുണ്ട് ഇത്. “എനിക്ക് നിന്റെ പ്രായമുള്ളപ്പോൾ നീ 10-ൽ തോറ്റിരിക്കുകയാണ്” എന്ന ജോൺ (മോഹൻലാൽ) പറയുന്ന ഒരു ഡയലോഗ് ആണ് സംശയങ്ങൾ ജനിപ്പിച്ചത്. കാരണം, അന്നമ്മ ഈശോയെ പ്രസവിച്ചപ്പോൾ ജോണിന് 24 വയസ്സായിരുന്നു എന്ന് ചിത്രത്തിൽ പറയുന്നുണ്ട്.
അങ്ങനെയെങ്കിൽ കണക്കുക്കൂട്ടലുകൾ അനുസരിച്ച്, ഈശോയ്ക്ക് 39 വയസ്സും, ജോണിന് 63 വയസ്സും, അന്നമ്മയ്ക്ക് 58 വയസ്സുമാകാനാണ് സാധ്യത. മാത്രമല്ല, അങ്ങനെയാണെങ്കിൽ തന്നെ 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സാധാരണ രീതിയിൽ ഗർഭിണി ആകാൻ കഴിയില്ല, അപ്പോൾ അന്നമ്മ എങ്ങനെ ഗർഭിണി ആയി.? ഈ സംശയമാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.