അഭിമാനം തോന്നുന്നു, പറയാന്‍ വാക്കുകളില്ല; ഹൃദയം കണ്ട അനുഭവം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ്. നിരവധി പേര്‍ ഇതിനോടകം ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെയും കല്യാണി പ്രിയദര്‍ശന്റേയും ദര്‍ശനാ രാജേന്ദ്രന്റേയും എന്നുവേണ്ട ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും മികച്ചതാക്കിയ താരങ്ങളെ അഭിനന്ദിക്കുകയാണ് സിനിമാ ലോകം. ഈ അവസരത്തില്‍ ഹൃദയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മോഹന്‍ലാലിന്റെ മകളും പ്രണവിന്റെ സഹോദരിയും കൂടിയായ വിസ്മയ മോഹന്‍ലാല്‍.
കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘ഒടുവില്‍ ഞാന്‍ ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നില്‍ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു’, എന്നാണ് വിസ്മയ കുറിച്ചത്.
ജനുവരി 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ റിലീസുമായി മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതല്‍ അയാള്‍ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തില്‍ പറയുന്നത്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.