ചെന്നൈ: എല്‍.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും തമിഴ്നാട് പോലീസിന്റെ ‘ക്യൂ’ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി. ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിന്‍വലിച്ച് പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ടാണ് തിരിച്ചു വരവ്.
ഒരു ദേശസാത്കൃത ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ബ്രാഞ്ചിലുള്ള പണം പിന്‍വലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാന്‍ ഇവര്‍ ശ്രമിച്ചതായി എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചില സന്നദ്ധസംഘടനകളിലും എല്‍.ടി.ടി.ഇ. അനുഭാവികളുണ്ടെന്നാണ് നിഗമനം.
ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കുന്നു. ശ്രീലങ്കന്‍ സ്വദേശിയുള്‍പ്പെടെ അഞ്ചുപേര്‍ ചെന്നൈയില്‍ വ്യാജപാസ്‌പോര്‍ട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തതോടെയാണ് എല്‍.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്.