ബംഗബൂരു: ഭിക്ഷ ചോദിച്ച് തെരുവില്‍ അലഞ്ഞ യാചകന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ വിജയ് നഗര്‍ ജില്ലയിലെ ഹഡാഗളിയിലാണ് സംഭവം. 45 വയസുള്ള ഹുച്ചാ ബാസിയ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടായിരുന്നു. എങ്കിലും നാടിന് പ്രിയപ്പെട്ടവനായിരുന്നു.
ഒരു രൂപ മാത്രമാണ് ഇയാള്‍ ഭിക്ഷയായി വാങ്ങിയിരുന്നത്. അധികം പണം ആര് നല്‍കിയാലും ഇദ്ദേഹം സ്വീകരിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും പണം തിരികെ നല്‍കും. ഇതു തന്നെയാണ് ഹുച്ചാ ബാസിയയെ പ്രിയങ്കരനാക്കിയത്. ഒരു രൂപ മാത്രം മതിയെന്ന നിലപാടാണ് ഹുച്ചയ്ക്ക്.
ഈ യുവാവ് എന്ത് പറഞ്ഞാലും അത് ഫലിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. ഇദ്ദേഹം ഒരു നല്ല ശകുനമാണെന്നും ജനങ്ങള്‍ പറയുന്നു. നവംബര്‍ 12ന് ബസിടിച്ചാണ് ഇയാള്‍ ആശുപത്രിയിലാകുന്നത്. ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. അവസാനമായി ഒരു നോക്ക് കാണാനും, ആദരം അര്‍പ്പിക്കാനുമാണ് ജനം ഒഴുകിയെത്തിയത്. സംഭവത്തിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.