പത്തനംതിട്ട: പഠനാവശ്യങ്ങള്‍ക്കായി കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണുകള്‍ നിത്യോപയോഗ വസ്തുവായതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചതിക്കുഴികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
മൊബൈല്‍ ഫോണ്‍ ദുരുപയോഗം സംബന്ധിച്ച ആശങ്കകള്‍ രക്ഷിതാക്കളും അധ്യാപകരും വിവിധതലങ്ങളില്‍ ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. അടൂരില്‍ കഴിഞ്ഞ ദിവസം സമാനമായ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, ഉടുമ്പന്‍ചോല പമ്പാടുംപാറ, വിടാവേലിയില്‍ വീട്ടില്‍ വിജേഷ് (24) അറസ്റ്റിലായത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തെത്തി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മേലുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
അടൂരില്‍ത്തന്നെ മറ്റൊരു കേസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ കൂടി പരിചയപ്പെട്ടു പീഡിപ്പിച്ച കേസിലും യുവാവ് അറസ്റ്റിലായി. ആനയടി അരുവണ്ണൂര്‍ വിള കിഴക്കേതില്‍ വീട്ടില്‍ സതീഷ് ഉണ്ണി (20)യെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സാപ്പ് വഴി പരിചയപ്പെട്ടു സൗഹൃദത്തിലായ പെണ്‍കുട്ടിയെ ആരുമില്ലാതിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ അധികൃതരുടെയും വീട്ടുകാരുടെയും പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്.
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ ദിവസം പമ്പാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് ജയകൃഷ്ണന്‍. പോക്സോ കേസിലാണ് ഇയാളും അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാമെന്നു പറഞ്ഞ് ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ നേരത്തെ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇതു തടയുകയും ചെയ്തതാണ്. ക്ലാസ് ആരംഭിച്ചതോടെ പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലേക്കു മടങ്ങി. അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ കൗണ്‍സലിംഗിലൂടെയാണ് പീഡനവിവരം വെളിപ്പെട്ടത്.
കോന്നിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ സംഭവത്തില്‍ അറസ്റ്റ് നടന്നു. അച്ഛനും അമ്മയും പതിമൂന്നു വയസുള്ള മകളും ഒരുമിച്ചായിരുന്നു താമസം. ഒന്നര വര്‍ഷത്തോളമായി ഹോസ്റ്റലില്‍നിന്നാണ് കുട്ടി പഠിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു ഹോസ്റ്റലില്‍നിന്നു പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതെന്നു പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവില്‍നിന്നാണ് പോലീസില്‍ വിവരം എത്തിയത്. തുടര്‍ന്ന് പിതാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.