30 C
Kottayam
Monday, November 25, 2024

‘മൂടിവച്ച രഹസ്യം പുറത്തായി’; സി.പി.എം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം

Must read

കോട്ടയം: തീവ്രവാദ വിഷയത്തില്‍ സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൂടിവയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐഎം സര്‍ക്കുലറിലുള്ളതും പാലാ ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായത്തിന് ചിലര്‍ വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യം സിപിഐഎം ഉള്‍ക്കൊള്ളുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്തണം. താലിബാന്‍ വര്‍ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാകാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പ്രതിപക്ഷ നേതാവ് നടത്തുന്നത് ക്ലീന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നാണ് വിമര്‍ശനം. ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ രൂപം

യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും അടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ക്കെതിരേ വാളെടുത്തവര്‍ക്ക് ഒരാഴ്ചകൊണ്ടുതന്നെ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. ആഗോള ഭീകരപ്രസ്ഥാനങ്ങള്‍ക്കു കുടപിടിക്കുന്നവരുടെ ചങ്ങാത്തം ഉപേക്ഷിക്കാന്‍ മറ്റു പല താത്പര്യങ്ങളുടെയും പേരില്‍ തയാറാകാത്തവര്‍ മാത്രമാണ് ഇനിയും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്. മാര്‍ കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനു വര്‍ഗീയതയുടെയും മതസ്പര്‍ധയുടെയും നിറം നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ തനിനിറവും കേരളസമൂഹത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞു.

മാര്‍ കല്ലറങ്ങാട്ട് കേരളത്തില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാക്രോശിച്ച് ആദ്യം രംഗത്തുവന്നത് മാധ്യമവിചാരണക്കാരായിരുന്നല്ലോ. അവരുടെ കെണിയില്‍പ്പെട്ടും ഒരു ബിഷപ്പിനെയും ക്രൈസ്തവ സമൂഹത്തെയും ആക്ഷേപിക്കാന്‍ കിട്ടിയ അവസരം മുതലെടുത്തും മതേതരത്വത്തിന്റെ വക്താക്കളാകാന്‍ ശ്രമിച്ചവരാണ് ഈ വിഷയത്തില്‍ ആദ്യമേ തോറ്റത്. താന്‍ പറഞ്ഞതു യാഥാര്‍ഥ്യമാണെന്ന് ഉറച്ച ബോധ്യമുള്ള മാര്‍ കല്ലറങ്ങാട്ടിനെക്കൊണ്ടു മാപ്പു പറയിക്കാമെന്ന മാധ്യമവിധിയാളരുടെ അതിമോഹത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ.

സാമാന്യബോധമുള്ളവരെല്ലാം പിന്‍വാങ്ങിയെങ്കിലും ചിലര്‍ ഇപ്പോഴും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. കാരണം, അവര്‍ സത്യം അന്വേഷിക്കുന്നവരല്ല, മറിച്ച് അവര്‍ പറയുന്നതു മാത്രമാണ് സത്യമെന്ന മിഥ്യാധാരണയുള്ളവരാണ്. അവരെ തിരുത്തുക പ്രയാസമായതിനാല്‍ വിട്ടുകളയുക. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആദ്യപ്രതികരണങ്ങളും ബിഷപ് എന്തോ അപരാധം ചെയ്തു എന്ന നിലയിലായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ച യാഥാര്‍ഥ്യമാണ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് എന്നാണ് ഇപ്പോള്‍ കേരളജനത മനസിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സിപിഎം കേരളത്തിലാകമാനം അടിത്തറയുള്ളതും ജനകീയബന്ധമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഘടകങ്ങളും വിവരശേഖരണത്തിന് വിപുലമായ സംവിധാനവും സിപിഎമ്മിനുണ്ട്. അത്തരമൊരു പാര്‍ട്ടി അതിന്റെ സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കായി തയാറാക്കി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയത് സിപിഎമ്മിന്റെ സര്‍ക്കുലര്‍ ചര്‍ച്ചചെയ്യാന്‍ ചാനല്‍ചര്‍ച്ചക്കാര്‍ തയാറാകുമോ. ഇന്നലെ സിപിഎം ആക്ടിംഗ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വാസവന്റെ ബിഷപ്‌സ് ഹൗസ് സന്ദര്‍ശനവുമെല്ലാം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന സൂചനതന്നെയാണ് നല്‍കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലും അദ്ദേഹത്തിന് ഇക്കാര്യങ്ങളൊക്കെ ബോധ്യമായിക്കാണണം. ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐ ഇതെല്ലാം അംഗീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കും. കേരള കോണ്‍ഗ്രസ്-എം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

അതിനാല്‍ മാര്‍ കല്ലറങ്ങാട്ട് ഉന്നയിച്ചതും സിപിഎം ഇപ്പോള്‍ ശരിവച്ചിരിക്കുന്നതുമായ പ്രശ്‌നങ്ങളെപ്പറ്റി സര്‍ക്കാര്‍ മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകള്‍ക്ക് അറുതിവരുത്തുകയല്ലേ വേണ്ടത്. ഇനി പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും അവസ്ഥയാണ് പരിശോധിക്കപ്പെടേണ്ടത്. ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്ന വി.ഡി. സതീശന് ചങ്ങനാശേരിയില്‍നിന്നു കാര്യങ്ങള്‍ വ്യക്തമായിക്കാണണം. അതായിരിക്കും അദ്ദേഹം പാലായ്ക്കു പോകാഞ്ഞത്. എന്നാലും തന്റെ ഇമേജ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ചില പൊടിക്കൈകള്‍ കോട്ടയത്തുതന്നെ കാട്ടുകയും ചെയ്തു.

സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു എന്നു വേണം ഇതുവരെയുള്ള പ്രതികരണങ്ങളില്‍നിന്നു മനസിലാക്കാന്‍. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിലെ മിക്ക നേതാക്കള്‍ക്കും ബിഷപ് പറഞ്ഞ കാര്യങ്ങള്‍ മുമ്പേ അറിയാം. എന്നാല്‍, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ട്. യുഡിഎഫിലെ കേരള കോണ്‍ഗ്രസുകളുടെ നിലപാട് സുവ്യക്തവുമാണ്. ബിഷപ്പിനു ബിജെപി സംരക്ഷണം ഒരുക്കുന്നുവെന്ന പ്രചാരണംവരെ നടത്തുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദേശസുരക്ഷയെപ്പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് അവര്‍ക്കു ബോധ്യമുണ്ടെങ്കില്‍ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണു വേണ്ടത്. അല്ലാതെ ബിഷപ്പിന്റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയുമല്ല വേണ്ടത്.

ഇനി മറ്റൊരു കൂട്ടര്‍കൂടിയുണ്ട്. അവരെയാണ് കേരളസമൂഹം കരുതിയിരിക്കേണ്ടത്. താലിബാന്‍ ഭീകരതയെപ്പോലും താലോലിക്കുന്ന ഇക്കൂട്ടര്‍ കേരളസമൂഹത്തില്‍ വളരെ സമര്‍ഥമായി വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവരുടെ കാഴ്ചകള്‍ ഏകപക്ഷീയമാണ്. അവരെ തിരുത്തുക പ്രയാസവുമാണ്. എന്നാല്‍, അവരുടെ കരുക്കളാകുന്നവര്‍ തങ്ങളുടെ തലച്ചോറും നാവും തൂലികയും പണയപ്പെടുത്തരുത്. അതാണ് കൂടുതല്‍ അപകടകരം. തങ്ങളുടെ മറവിലാണ് കേരളസമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ തിരിച്ചറിയണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week