പാലക്കാട്: പാലക്കാട് ഐ.എസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാര്‍ത്തയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പോലീസില്‍ നിന്നു തെറ്റായ വിവരം ചോര്‍ന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും.
ഇന്നലെയാണ് പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വന്നത്. ഉടന്‍ തന്നെ വാര്‍ത്ത തള്ളി ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് രംഗത്തെത്തി. ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് മേട്ടുപാളയം സ്ട്രീറ്റില്‍ എം എ ടവറിലെ ആയുര്‍വേദ സ്ഥാപനത്തിനായെടുത്ത വാടക മുറിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്നും പതിനാറ് സിം സ്ലോട്ടുകളും ആന്റിനകളുള്ള ഒരു റൗട്ടര്‍ സിം ബോക്‌സും വിവിധ സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. ഇതിനൊപ്പം 2017 ഡിസംബറില്‍ പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ ബാബറി മസ്ജിദ് പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററും സിറാജുന്നീസ വധവുമായി ബന്ധപ്പെട്ട എസ്ഡിപിഐയുടെ ലഘുലേഖയും കണ്ടെടുത്തിട്ടുണ്ട്. വിസ്ഡം ഗ്‌ളോബല്‍ ഇസ്ലാമിക് മിഷന്‍,’ഐഎസ് മത നിഷിദ്ധവും മാനവികതയ്‌ക്കെതിരുമാണെന്ന്’ ചൂണ്ടിക്കാട്ടുന്ന നോട്ടിസുമാണ് ലഭിച്ചത്. ഐഎസ് ബന്ധമുള്ള ലഘുലേഖകള്‍ ലഭിച്ചെന്ന വാര്‍ത്ത എസ്പി ആര്‍ വിശ്വനാഥ് തന്നെ നിഷേധിച്ചു.
അതേസമയം, പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ സിം കാര്‍ഡ് എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമാണ് ആയുര്‍വേദ ഫാര്‍മസിയുടെ മറവില്‍ പാലക്കാടും സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്‌സ്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുര്‍വേദ ഫാര്‍മസിയിലാണ് സമാന്തര എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.