തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍. ‘അഞ്ഞൂറ് മുടക്കി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ.’ ബിവറേജസില്‍ പോകാന്‍ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ടെന്നും അലി അക്ബര്‍ പരിഹസിക്കുന്നു.
‘ഇവിടെ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ.’-അലി പരിഹസിച്ചു. നേരത്തെ, കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കെതിരെ നടി രഞ്ജിനി രംഗത്ത് എത്തിയിരുന്നു. പാല്‍ വാങ്ങാന്‍ പോകാന്‍ വരെ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റു കാണിക്കണോ എന്നായിരുന്നു രഞ്ജിനിയുടെ വിമര്‍ശനം.
‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികള്‍’. രഞ്ജിനി പറയുന്നു.
അതേസമയം, വാക്സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ലെന്നാണ് സൂചന. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണു ജില്ലാ കളക്ടര്‍മാര്‍ എസ്പിമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.