KeralaNews

കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി, സ്വര്‍ണകൊലുസ് വാങ്ങി നല്‍കിയതോടെ സ്വര്‍ണമാലയെച്ചൊല്ലി മാനസിക പീഡനം; കൊല്ലത്തെ യുവതിയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം

കൊല്ലം: കുണ്ടറയില്‍ കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളും കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യയുമായ രേവതി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി ജീവനൊടുക്കിയത്.

ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനമെന്ന് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി രേവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. നാട്ടുകാര്‍ കരയ്ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ത്രീധനത്തെ ച്ചൊല്ലിയുളള മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് രേവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നിലമേല്‍ സ്വദേശി സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി പോയി.

നിര്‍ധനകുടുംബമാണ് രേവതിയുടേത്. കൊവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും കുടുംബത്തിന് സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും നേരിടേണ്ടി വന്നിരുന്നു എന്നാണു പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചിരുന്നതായും ആരോപണമുണ്ട്.

പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കിയിരുന്നു. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനമെന്നും കുടുംബം ആരോപിക്കുന്നു. ഇങ്ങനെ തുടര്‍ച്ചയായി ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെ സംബന്ധിച്ച് കുടുംബം പോലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കിഴക്കേ കല്ലട പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button