കൊല്ലം: തൊണ്ണൂറു വയസുള്ള അമ്മയെ മകള്‍ വീട്ടില്‍ നിന്നു പുറത്താക്കി വീട് പൂട്ടി സ്ഥലം വിട്ടു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം നടന്നത്. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പോലീസ് വിഷയത്തില്‍ ഇടപെടുകയും, ഇറക്കി വിട്ട മകളുടെ വീട്ടില്‍ തന്നെ അമ്മയ്ക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തു.
അഞ്ചല്‍ പഞ്ചായത്തിലെ പോങ്ങുംമുകള്‍ പതിനെട്ടാം വാര്‍ഡിലെ 90 വയസുള്ള അമ്മ തങ്കമ്മയാണ് വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ടത്. കഴിഞ്ഞ 27 വര്‍ഷമായി വയോധിക കഴിഞ്ഞിരുന്നത് മൂത്ത മകന്‍ മോഹനന്റെ സംരക്ഷണത്തിലായിരുന്നു. മോഹനന്‍ ആശുപത്രിയിലായതോടെ നാട്ടുകാര്‍ ഇടപെട്ട് തങ്കമ്മയെ ഇവരുടെ മകളുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ അമ്മയെ വീട്ടില്‍ നിന്നു പുറത്താക്കി മകള്‍ രാധാമണി വീട് പൂട്ട് സ്ഥലം വിടുകയായിരുന്നു. വീടിന് പുറത്തായ അമ്മയ്ക്ക് അഭയം നല്‍കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും രാധാമണി ഇതിനു തയ്യാറായില്ല. ഒടുവില്‍ അഞ്ചല്‍ പോലീസ് ഇടപെട്ടാണ് പിന്നീട് രാധാമണിയുടെ വീട്ടില്‍ തന്നെ തങ്കമ്മയ്ക്ക് സംരക്ഷണമൊരുക്കിയത്. നാലു മക്കളാണ് തങ്കമ്മയ്ക്ക് ഉള്ളത്.