തിരുവനന്തപുരം: ലിഫ്റ്റില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍സിസിയിലെ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച നദീറയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നദീറ ഒരു മാസമായി മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയു വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മരണ ശേഷം സ്രവസാമ്പിള്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലം പത്തനാപുരം സ്വദേശിനിയായ നദീറ (22) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നദീറ. അറ്റകുറ്റ പ്പണിയിലായിരുന്ന ലിഫ്റ്റ് തുറന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ഇതിന് സമീപത്ത് ഒരു പലക ഇട്ടിരുന്നതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യുവതി ലിഫ്റ്റി നുള്ളില്‍ കയറുന്നതിനിടെ പലക പൊളിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായത്.
യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നദീറ മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ആ വശ്യപ്പെടുകയും ചെയ്തു.