കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പി.വി. അൻവർ വിശദീകരണ യോഗത്തിൽ സംസാരിച്ചത്.

‘എന്നെ എം.എൽ.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്’- പി.വി. അൻവർ പറഞ്ഞു.

കേസെടുത്ത വാർത്ത വന്നപ്പോൾ ഞാൻ കൂടെ നിൽക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലിൽ കിട്ടില്ല. ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വന്‍ ജനാവലിയാണ് യോഗത്തിന് എത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News