അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്
മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു.
തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതിനിടെ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക.
എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.
ഫോൺ ചോര്‍ത്തൽ കേസിൽ പി.വി. അൻവറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസിൽ പരാതിക്കാരന്റെ മൊഴി
രേഖപ്പെടുത്തിയിരുന്നു. അൻവര്‍ ഫോൺ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷൻ രേഖകൾ തന്റെ കൈയിൽ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നുമാണ് തോമസ് കെ പീലിയാനിക്കൽ നൽകിയ മൊഴി. അതേസമയം താൻ ഫോൺ ചോർത്തിയതല്ല, തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്തതാണ് എന്നാണ് അൻവറിൻ്റെ വിശദീകരണം.