ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിനു പിന്നാലെ വിതരണത്തിനും പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം. സൗജന്യ വാക്‌സിന് വരുമാനം മാനദണ്ഡമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുക ജനസംഖ്യ, രോഗവ്യാപനതോത്, വാക്‌സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. പുതിയ തീരുമാനം ഈ മാസം 21 ന് മുന്‍പ് നടപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അതേസമയം വാക്‌സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 45 വയസിന് മുകളിലുള്ളവര്‍, രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നും സര്‍ക്കാര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ഓണ്‍സൈറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.