‘ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാന്‍ പറ്റുമോ’; സീമ ജി നായര്‍
മലയാളികളുടെ പ്രിയതാരമാണ് സീമ ജി നായര്‍. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ലെന്നും അവിടെ ആര്‍ക്കൊക്കെ പൈസ ഉണ്ട്, അവര്‍ക്കെന്താ ചെയ്താല്‍ എന്നൊന്നും ഇതൊന്നും നോക്കി ഇരിക്കാറില്ലെന്നും അങ്ങനെ ചെയ്യാന്‍ ആണേല്‍ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തില്‍ ആകുമെന്നും സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സീമ ജി നായരുടെ കുറിപ്പ്
നമസ്‌കാരം.. ശുഭദിനം.. ഓരോദിവസവും ഉണരുമ്പോഴും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനായി ചെവിയോര്‍ത്തു നില്ക്കും.. പക്ഷെ ഇപ്പോള്‍ കുറെ നാളുകളായി വേദനിക്കുന്ന വാര്‍ത്തകള്‍ ആണ് എവിടെ നിന്നും കേള്‍ക്കുന്നത്.. നല്ല നാളെയ്ക്കായി പ്രാര്‍ത്ഥിക്കാം.. ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈയൊരു കുറിപ്പ്.. കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവര്‍ത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്കു സംഘടനകള്‍ ഇല്ലേ, അവര്‍ക്കു പൈസ ഇല്ലേ, അവര്‍ ഒരു സിനിമയുടെ പൈസ ഇട്ടാല്‍ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങള്‍ വന്നു..
ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല.. അവിടെ ആര്‍ക്കൊക്കെ പൈസ ഉണ്ട്, അവര്‍ക്കെന്താ ചെയ്താല്‍ ഇതൊന്നും നോക്കി ഇരിക്കാറില്ല.. അങ്ങനെ ചെയ്യാന്‍ ആണേല്‍ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തില്‍ ആവും.. ഒരു ജീവന്‍ നിലനിര്‍ത്താന്‍ കൈ നീട്ടുമ്പോള്‍ അതില്‍ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവര്‍ പറ്റുന്നതുപോലെ സഹായിക്കുക.. ആരെയും ഒന്നിനെയും നിര്‍ബന്ധിക്കാതെ അപേക്ഷയുമായി വരുമ്പോള്‍ ആ അപേക്ഷയെ മാനിക്കുക..
അതുപോലെ കഴിഞ്ഞ ദിവസം എന്റെ സഹോദരതുല്യനായ ഒരു നടന്‍ ചേച്ചി എന്നുവിളിച്ചു ഒരു കമന്റ് ഇട്ടു.. അതിന്റെ താഴെ ഇഷ്ട്ടം പോലെ പൊങ്കാലകള്‍ അദ്ദേഹത്തിന് വന്നു.. ഒന്ന് പറയട്ടെ ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയം ഉണ്ട്.. നിലപാടുകള്‍ ഉണ്ട്.. ജയവും പരാജയവും ഉണ്ട്.. ജീവിതത്തില്‍ എപ്പോളും എല്ലാരും ജയിക്കണമെന്നില്ല.. തോറ്റവര്‍ പരാജിതരും അല്ല..
പക്ഷെ ആ വ്യക്തിയെ എനിക്ക് അറിയാം.. ഒരുപാടു പേരുടെ കണ്ണുനീര്‍ തുടച്ചിട്ടുള്ള പലര്‍ക്കും കിടപ്പാടം വെച്ച് കൊടുത്തിട്ടുള്ള പല വീട്ടിലും ഒരുനേരത്തെ എങ്കിലും ആഹാരം കൊടുത്തിട്ടുള്ള പല കുട്ടികളുടെയും വിവാഹം നടത്തി കൊടുത്തിട്ടുള്ള കുറെ നന്മയുള്ള ഒരു മനുഷ്യന്‍.. എനിക്ക് നേരിട്ടറിയാവുന്ന കുറെ കാര്യങ്ങള്‍ ഉണ്ട്. സത്യത്തില്‍ വിഷമം തോന്നി.. ഇത്രയും കമെന്റ് ഇടാന്‍ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്.. മനുഷ്യന്‍ ഈ മഹാമാരി സമയത്ത് ജീവന് ഒരു വിലയുമില്ലാതെ മരിച്ചു വീഴുന്നു.. പ്രിയപ്പെട്ട പലരും നമ്മളെ വിട്ടു പിരിയുന്നു..
എവിടെയും വേദനകള്‍ മാത്രം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു മനുഷ്യനെ എങ്ങനെ തേജോവധം ചെയ്യണമെന്ന് ആലോചിച്ചു നില്‍ക്കുന്ന കുറെ പേര്‍.. കഷ്ട്ടം, നമ്മള്‍ എന്നും ഇങ്ങനെ ആണല്ലോ.. എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കില്ല ആരും.. പിന്നെ കുറച്ചു പേര്‍ കമന്റ് ഇടുന്നുണ്ട്.. സീമ ജി നായര്‍ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ, നായര്‍ നായര്‍ എന്ന് പറയണ്ട കാര്യം എന്താണെന്നു..
അങ്ങനെ പറയുന്നവരോട് ഒന്നേ പറയാന്‍ ഉള്ളു.. ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാന്‍ പറ്റില്ലല്ലോ. ആ നായര്‍ കൂടെ ഉള്ളപ്പോള്‍ ഈ ഭൂമിയില്‍ നിന്ന് പോയിട്ട് 34 വര്‍ഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛന്‍ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതല്‍ കൊണ്ടാണ് നായര്‍ അവിടെ കിടക്കുന്നത്. അതവിടെ കിടക്കട്ടെ, ആരെയും അത് ഉപദ്രവിക്കുന്നില്ലല്ലോ.. ഇപ്പോള്‍ അനുഭവിക്കുന്ന ഈ സമയങ്ങള്‍ എത്രയും വേഗം കടന്നുപോയി നല്ല ഒരു നാളെ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ സീമ. ജി. നായര്‍..