പാലക്കാട്:കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് തത്തമംഗലത്ത് കുതിരയോട്ട മത്സരം നടത്തിയത്. പൊലീസ് ഇടപെട്ടാണ് മത്സരം നിർത്തിച്ചത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ച സംഘാടകർ അടക്കം 100 പേർക്കെതിരെ കേസ്.
54 കുതിരകളെ പങ്കെടുപ്പിച്ചായിരുന്നു കുതിരയോട്ടം നടത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചു കൂടി. ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയും പിന്നീട് മറിഞ്ഞ് വീഴുകയും ചെയ്തു. പൊലീസിനെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങാതെയായിരുന്നു കുതിരയോട്ടം. കൂട്ടം കൂടി നിൽക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ജനങ്ങൾ ഇതൊന്നും വക വെയ്ക്കാതെയായിരുന്നു മത്സരം കാണാനെത്തിയത്.
പാലക്കാട് ഇന്നലെ 1518 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തി 266 മാത്രം. ചികിത്സയിലുള്ള കൊവിഡ‍് ബാധിതരുടെ എണ്ണം 8,807. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇന്നലെ 18.3 ലേക്കു കുതിച്ചു. കഴിഞ്ഞ ദിവസം ടിപിആർ 14.4 ആയിരുന്നു. ഒരു ദിവസം കൊണ്ട് 3.9 ശതമാന വർധന.