കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ 1,000 കോടി രൂപ കണ്ടെത്തേണ്ടിവരും; മന്ത്രി തോമസ് ഐസക്ക്,വാക്‌സിന്‍ ചലഞ്ചിലേക്ക് പണം ഒഴുകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടികുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയാറാകണം. കോവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാകാനും കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍നയം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് സൗജന്യവാക്സിന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രവഹിക്കുന്നു. വാക്സിന്‍ ചലഞ്ചില്‍ ലഭിക്കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.ആ തുക വാക്‌സിന്‍ നല്‍കാന്‍ മാത്രമെ ഉപയോഗിക്കു. ശനിയാഴ്ച രാവിലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിന്‍ ചലഞ്ചില്‍ 2.22 കോടിരൂപ ലഭിച്ചു.

കേന്ദ്രസര്‍ക്കാര്‍ പണം നല്‍കി വാക്സിന്‍ വാങ്ങാനാണ് പറഞ്ഞത്. എന്നാല്‍ ആ നിലപാട് കേരളത്തിന് പറ്റില്ല. സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്‌സിനേഷന്‍ എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകതന്നെ ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനങ്ങള്‍ തന്നെയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ച ഇത്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം പോര്‍ട്ട് സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്‌സിന്‍ വിതരണത്തിനും സംഭാവന നല്‍കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ കലക്ടര്‍ക്ക് കൈമാറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News