ലക്നൗ: പുതിയ ജനസംഖ്യാ നയവുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് അയോഗ്യരാക്കാനാണ് നീക്കം. സംസ്ഥാനത്തെ ജനസംഖ്യാ 20 കോടി കടന്നുവെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ദേശീയ മാധ്യമത്തോട് യുപി ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ്ങിന്റെ വെളിപ്പെടുത്തല്‍.
സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവില്‍ നിയമസഭാ സമ്മേളനത്തില്‍ ചില എംഎല്‍എമാര്‍ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതും ജയ് പ്രതാപ് സിങ്ങ് ചൂണ്ടിക്കാട്ടി.
പുതിയ ജനസംഖ്യാ നയം രൂപപ്പെടുത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യാ നയവും തങ്ങള്‍ പഠിച്ചു വരികയാണെന്നും ജയ് പ്രതാപ് സിങ്ങ് കൂട്ടിച്ചേര്‍ത്തു. ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്ന നിയമമാകും തങ്ങള്‍ നിര്‍ദേശിക്കുകയെന്നും അദേഹം വ്യക്തമാക്കി.