കൊല്ലം : കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മത്സരിയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു.
ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതല്‍ നാടകീയമാക്കി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.
കൊല്ലം സീറ്റില്‍ വിഷ്ണുനാഥിനെയാണ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്. ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദമാണ് ഉമ്മന്‍ ചാണ്ടി ചെലുത്തുന്നത്. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാല്‍ നാല് കൊല്ലത്തോളമായി താന്‍ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താന്‍ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലായിരുന്നു് ബിന്ദു കൃഷ്ണ.