തിരിപ്പൂര്‍: അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഡിവൈഡറില്‍ തട്ടിയ ശേഷമാണ് ടയര്‍ പൊട്ടിയതെന്ന് സംഭവം അന്വേഷിക്കുന്ന ആര്‍ടിഒ പി. ശിവകുമാര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് തയാറായെന്നും നാളെ തന്നെ മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരുപ്പൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ആവശ്യപ്പെട്ടു. കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ശുപാര്‍ശ മന്ത്രി എകെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിത വേഗതയോ, ഡ്രൈവര്‍ ഉറങ്ങിപ്പോയതോയാണ് അവിനാശി അപകടത്തിന്റെ കാരണമെന്ന് ഉറപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മാത്രമല്ല, ടയര്‍ പൊട്ടിയത് ഡിവൈഡറില്‍ ലോറി കയറിയ ശേഷമാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്നെ മന്ത്രിക്ക് കൈമാറും.
അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റക്കാണ് വാഹനമോടിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അപകടം വരുത്തിയ ലോറി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ എകെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. മരിച്ച മൂന്ന് പാലക്കാട് സ്വദേശികളുടേയും മൃതദേഹം ഇന്ന് സംസ്‌കരിച്ചു.