വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്; ജേക്കബ് വിഭാഗം രണ്ടായി

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും രണ്ടായി പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് പ്രത്യേകം യോഗം ചേര്‍ന്നു. ജോണി നെല്ലൂര്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം വിളിച്ച ഇന്നു തന്നെ അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ മറ്റൊരു യോഗവും ചേരുകയായിരുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കാനുള്ള നീക്കങ്ങളും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്. തങ്ങളുടെ വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രമേയം യോഗം അംഗീകരിച്ചു. പാര്‍ട്ടിയെ പിളര്‍ത്താന്‍ അനൂപ് ജേക്കബ് ചിലരില്‍ നിന്ന് അച്ചാരം വാങ്ങിയെന്ന് ജോണി തുറന്നടിച്ചു. ജേക്കബ് വിഭാഗമെന്ന ചെറിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള വലിയ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിരിക്കുന്നതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

അതേസമയം, ജോസഫ് വിഭാഗവുമായി ലയനം വേണ്ടെന്ന ഉറച്ച നിലപാടിലാണ് അനൂപ് ജേക്കബ്. ഇപ്പോള്‍ നില്‍ക്കുന്നതു പോലെ ജേക്കബ് വിഭാഗമായി തന്നെ മുന്നോട്ട് പോകുമെന്ന് അനൂപ് ജേക്കബ് യോഗത്തിനു മുന്നേ പ്രതികരിച്ചു. തര്‍ക്കങ്ങളിലെല്ലാം സമവായമുണ്ടാക്കാനാണ് താന്‍ 21ാം തീയതി പാര്‍ട്ടി ഭരണഘടനയനുസരിച്ച് യോഗം വിളിച്ചതെന്നും അത് തകര്‍ക്കനാണ് അനൂപ് ജേക്കബിന്റെ നീക്കണെന്നും ജോണി നെല്ലൂര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

നാളുകളായി അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് പിളര്‍പ്പിന് വഴിയൊരുക്കിയത്. നേരത്തെ, ടി.എം.ജേക്കബ് മരണമടഞ്ഞതിനു പിന്നാലെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ടും അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ഒടുവില്‍ യുഡിഎഫ് നേതാക്കളും ടി.എം.ജേക്കബിന്റെ ഭാര്യയുമെല്ലാമിടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അന്നൊക്കെ താത്കാലിക പരിഹാരങ്ങള്‍ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News