ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പേര് നിര്‍ദേശിച്ചത്. തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് നാലാഴ്ചല്ക്കു ശേഷം പരിഗണിക്കും.
ഹര്‍ജിക്കാരനായ പന്തളം കൊട്ടാരത്തിലെ രേവതി നാള്‍ പി.രാമവര്‍മ രാജ അഭിഭാഷകനെ മാറ്റുന്നതിന് നല്‍കിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയോ എന്ന് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയ്ക്ക് നിര്‍ദേശം നല്‍കി. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവെച്ച് അതേവര്‍ഷം ഒക്ടോബര്‍ അഞ്ചിന് ഹൈക്കോടതി നല്‍കിയ വിധിക്കെതിരെയാണ് ഹര്‍ജി.