മികച്ച ‘കോഴി’യെ കണ്ടെത്താനുള്ള പോസ്റ്ററില്‍ ഭഗവാന്‍ കൃഷ്ണന്റെ ചിത്രം; മാപ്പ് ചോദിച്ച് കെ.എസ്.യു
തിരുവനന്തപുരം: വാലന്റൈന്‍ വീക്കിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളേജിലെ മികച്ച കോഴിയെ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ പോസ്റ്ററില്‍ ഭഗവാന്‍ കൃഷ്ണന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കെ.എസ്.യു മാപ്പ് ചോദിച്ചു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ പോലീസ് മേധാവിക്ക് പരാതിയും നല്‍കിയതിനെ തുടര്‍ന്നാണ് സംഘടനയുടെ മാപ്പപേക്ഷ. വാലന്റൈന്‍ ഡേയോട് അനുബന്ധിച്ച് നടത്താനിരുന്ന മത്സരത്തിനു വേണ്ടി ഇറക്കിയ പോസ്റ്റര്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതങ്ങളോടും ഏറെ ആദരവ് പുലര്‍ത്തുന്ന സമീപനമാണ് കെഎസ്‌യുവിനുള്ളത്. ഒരു മതത്തേയും അപമാനിക്കുവാനോ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. പോസ്റ്റര്‍ ഏതെങ്കിലും രീതിയില്‍ സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സംഘടന എന്ന നിലയില്‍ ക്ഷമാപണം നടത്തുന്നു. ഇനി മേലില്‍ ഇത്തരം ഒരു നടപടികളും ഉണ്ടാകാതെ ജാഗ്രത പാലിക്കുമെന്നും യൂണിറ്റ് പ്രസിഡന്റ് അല്‍ അമീനും വൈസ് പ്രസിഡന്റ് ബാജിയോ ജോണിയും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫെബ്രുവരി ഏഴിന് കോളേജിലെ മെയിന്‍ ഗേറ്റില്‍ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ വച്ചിരിക്കുന്ന ബോക്സില്‍ മികച്ച കോഴി ആരെന്ന് എഴുതി ഇടാനായിരുന്നു നിര്‍ദേശം. ഇതിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം ആകട്ടെ കൃഷ്ണനെ അവഹേളിക്കുന്നതായിരുന്നു. കുളത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ കുളിക്കുന്നതിനു മുന്നില്‍ മയില്‍പ്പീലി ചൂടിയ നീലനിറത്തിലുള്ള കൃഷ്ണന്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതാണ് ചിത്രം. താഴെ കെഎസ് യുവിന്റെ ലോഗോയും അല്‍ അമീന്‍, ബൈജോ എന്നിവരുടെ പേരും ഫോണ്‍ നമ്പരും നല്‍കിയിരുന്നു.