തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട ഒരു വിഭാഗം ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.
ഓഫീസ് മേധാവി പണിമുടക്കില്‍ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയും ചെയ്താല്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യണം. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സംകൂടാതെ എത്താന്‍ പൂര്‍ണസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.