മാണി സി കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് ചെന്നിത്തല

തൃശൂര്‍: പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പന്‍ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു.

അതിനിടെ മാണി. സി. കാപ്പന്‍ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. ഡല്‍ഹിയില്‍ ശരദ് പവാറുമായി മാണി. സി. കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ്, എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു.

മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍ഡിഎഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News