പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ
ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍. യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ പ്രത്യക്ഷപ്പെട്ടത്. 2016-ലും സമാനമായി ലാസ് വേഗസിലും വിവിധ സ്ഥലങ്ങളിലും ട്രംപിന്‍റെ നഗ്ന പ്രതിമകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്റ്റേറ്റ് 15-ലാണ് ട്രംപിന്‍റെ പുതിയ നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നപ്രതിമയുള്ളത്. ‘കുടിലവും അശ്ലീലവും’ എന്ന അടിക്കുറുപ്പും പ്രതിമയുടെ താഴെ എഴുതി ചേർത്തിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരവും പ്രതിമക്കുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ പ്രത്യക്ഷ്യപ്പെട്ടത്.
ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പ്രതിമ നിലത്തുറപ്പിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൌതുകരമായ ഒന്നാണെന്ന് ചിലർ പറയുമ്പോൾ അങ്ങേയറ്റം അശ്ലീലകരമാണ് പ്രതിമയെന്ന് ചിലർ കമന്‍റ് ചെയ്തു.
അമേരിക്കയുടെ പലഭാഗങ്ങളിലും ട്രംപിന്റെ സമാനമായ നഗ്നപ്രതിമകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വാർത്തകൾ. 2016ൽ പ്രത്യക്ഷപ്പെട്ട പ്രതിമ പിന്നീട് 2018-ല്‍ ലേലത്തില്‍ വിറ്റുപോയി. 28,000 ഡോളറിനാണ് അന്ന് പ്രതിമ വിറ്റുപോയത്. എന്തായാലും ട്രംപിനെതിരെ വലിയ ക്യാംപയിനാണ് ഒരു വിഭാഗം നടത്തുന്നത്.