ന്യൂഡൽഹി: ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. സെപ്റ്റംബർ 14-നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. എല്ലാവരും സുരക്ഷിതരാണെന്നും ഇവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയത്.
‘തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ കുടുംബങ്ങളുമായി സർക്കാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.’ ഇവരെ രക്ഷപെടുത്താൻ ലിബിയൻ അധികാരികളും തൊഴിൽ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങൾ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികലെ തട്ടിക്കൊണ്ടു പോയവരെ തൊഴിൽ ഉടമ ബന്ധപ്പെട്ടുവെന്നും അവർ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അയച്ചു നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ലിബിയയിലുള്ള ഇന്ത്യക്കാർക്ക് 2016 മുതൽ യാത്രാമുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇപ്പോഴും നിലവിലുണ്ടെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.