നെടുങ്കണ്ടം: വലിയ ശബ്ദത്തോടെ ഇടിമിന്നല്‍, പാറ പൊട്ടിച്ചിതറി. അണക്കരമെട്ടു കുഴിപ്പെട്ടിയില്‍ ആണ് സംഭവം. പ്രദേശത്തെ വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ നശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നടപ്പു വഴിയിലാണ് മിന്നലേറ്റത്. കഴിഞ്ഞ ദിവസം 5.10 നാണ് സംഭവം. വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് ഈ സമയത്തു ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
വന്‍ ശബ്ദത്തോടെ ഉണ്ടായ മിന്നലില്‍ പാറ പൊട്ടിച്ചിതറി. 10 കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ പ്രകമ്പനമാണ് നടന്നത്. പാറ പൊട്ടി ചിതറിയ ഭാഗത്തു നിന്നും 10 മീറ്റര്‍ മാറി മണ്ണും ചിതറിത്തെറിച്ച നിലയിലാണ്. സമീപത്തു നിന്നു മണ്ണ് പ്രദേശമാകെ ചിതറിത്തെറിച്ചു. മരത്തിന്റെ വേരുകള്‍ അടക്കം വേര്‍പെട്ടു. മുന്‍ വര്‍ഷങ്ങളിലും ഇടിമിന്നലേറ്റു നെടുങ്കണ്ടത്തു വീടുകള്‍ തകര്‍ന്നിരുന്നു. അതേസമയം വേനല്‍ മഴയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതല്‍ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്ന് മുന്നറിയിപ്പുണ്ട്.