33.4 C
Kottayam
Friday, April 26, 2024

TWITTER:ആഴ്ചയിൽ 80 മണിക്കൂർജോലി;സൗജന്യഭക്ഷണം ഉണ്ടാവില്ല;താല്‍പ്പര്യമില്ലാത്തവര്‍ക്ക് രാജിവെക്കാം, ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക്

Must read

സാന്‍ഫ്രാന്‍സിസ്‌കോ:കൂടുതല്‍ പണം ഉണ്ടാക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.

പ്രതിസന്ധി നേരിടാന്‍ ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം എന്നും സൗജന്യ ഭക്ഷണം ഉണ്ടാവില്ലെന്നും വര്‍ക്ക് ഫ്രം ഹോം ഉണ്ടാവില്ലെന്നുമുള്ള അറിയിപ്പും മസ്‌ക് നല്‍കി. ജീവനക്കാര്‍ക്ക് വരാന്‍ താല്‍പര്യമില്ലെങ്കില്‍ രാജി സ്വീകരിക്കുന്നതാണെന്നും മസ്‌ക് പറഞ്ഞു.

കമ്പനി ഏറ്റെടുത്ത് രണ്ടാഴ്ചക്കിടെ ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെയും പ്രധാന മേധാവികളെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു. അതിനിടെ മസ്‌കിന്റെ പുതിയ നേതൃസംഘത്തില്‍ അംഗമായ യോയല്‍ റോത്ത് എന്ന ഉദ്യോഗസ്ഥന്‍ കമ്പനി വിട്ടുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. റോബിന്‍ വീലര്‍ എന്നൊരു ജീവനക്കാരിയും രാജിവെച്ചു. റോബിന്‍ വീലറിനെ നിലനിര്‍ത്താന്‍ മസ്‌ക് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അടിയന്തിരമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് മസ്‌ക്. അപകടകരമായ ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിറയുമെന്ന ഭീതിയില്‍ പരസ്യക്കാര്‍ ട്വിറ്ററില്‍ നിന്ന് പിന്‍വലിഞ്ഞത് കമ്പനിയ്ക്ക് തിരിച്ചടിയാണ്.

അതേസമയം ഇക്കാണുന്നതെല്ലാം മസ്‌കിന്റെ ചില അടവുകളാണെന്നാണ് ചിലര്‍ പറയുന്നത്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ജീവനക്കാരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മസ്‌കിന്റെ ഒരു രീതിയാണ്. ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന പ്രതീതിയുണ്ടാക്കാനാണ് മസ്‌ക് ശ്രമിക്കുന്നതന്നെും പരിചയമുള്ളവര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week