വീണ്ടും ലോക്ക് ഡൗണ്‍ ദുരന്തം; കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്
നരസിങ്പുര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നു സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റര്‍ അകലെ നരസിംഹപുരില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ഹൈദരാബാദില്‍ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള 20 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വെച്ചാണ് ട്രക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ പാളത്തില്‍ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ കയറിയിറങ്ങി 16 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനം വീണ്ടും ദുരന്തത്തില്‍ കലാശിക്കുന്നത്.