കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച ഭര്‍തൃപിതാവിനെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് 24കാരി; ചിത്രം വൈറല്‍
ദിസ്പൂര്‍: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഭര്‍തൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരിയായ യുവതി. അസമിലെ രാഹയിലാണ് സംഭവം. നിഹാരിക ദാസ് എന്ന യുവതിയാണ് രോഗലക്ഷണങ്ങളുള്ള ഭര്‍തൃ പിതാവിനെ കിലോമീറ്ററുകളോളം തോളിലേറ്റി ആളുപത്രിയിലെത്തിച്ചത്.
നിഹാരിക വയോധികനെ ചുമലിലേറ്റി ആശുപത്രിയിലേക്ക് വരുന്ന ചിത്രം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് തുലേശ്വര്‍ ദാസിന് (75) കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിളിച്ചെങ്കിലും ലഭിച്ചില്ല.
തുടര്‍ന്ന് നിഹാരിക തുലേശ്വര്‍ ദാസിനെ ചുമലിലേന്തി അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ തുലേശ്വര്‍ ദാസിനെ നാഗാവോണിലെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ നിര്‍ദേശിച്ചു.
അതേസമയം ആരും സഹായിക്കാത്തതിനെ തുടര്‍ന്ന് തുലേശ്വര്‍ ദാസിനെ വീണ്ടും ചുമലിലേന്തി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ എത്തിക്കുകയായിരുന്നു.