മൊബൈല്‍ ആപ്പ് വഴി വമ്പന്‍ തട്ടിപ്പ്; വലയില്‍ വീണത് 5 ലക്ഷം ഇന്ത്യക്കാര്‍, തട്ടിയെടുത്തത് 150 കോടി
ന്യൂഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ പൊളിച്ചടുക്കി ഡല്‍ഹി പോലീസ്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഒരു ടിബറ്റുകാരിയെയും മറ്റ് എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന ഇവരുടെ ആപ്പ് വഴി ഏകദേശം അഞ്ചു ലക്ഷത്തോളം ഇന്ത്യാക്കാര്‍ വഞ്ചിതരായതായിട്ടാണ് വിവരം.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വഴി പ്രത്യേക ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള വാഗ്ദാനം നല്‍കുന്ന പണം ഇരട്ടിപ്പ് കമ്പനി വ്യാജ ആപ്പ് വഴി ഇന്ത്യാക്കാരായ നിക്ഷേപകരുടെ പണവും വിവരങ്ങളും മോഷ്ടിക്കുകയായിരുന്നു. 150 കോടിയോളം രൂപയാണ് വെറും രണ്ടുമാസം കൊണ്ട് തട്ടിപ്പുകാരുടെ കയ്യിലെത്തിയതെന്ന് പോലീസ് പറയുന്നു. 11 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളും പേമെന്റ് ഗേറ്റ്വേകള്‍ വഴിയും ഇവര്‍ ബ്ളോക്ക് ചെയ്തപ്പോള്‍ ഇല്ലാത്ത 110 ചൈനീസ് കമ്പനികളുടെ പേരില്‍ 97 ലക്ഷവും തട്ടി.
2435 ദിവസത്തിനുള്ളില്‍ പണം ഇരട്ടിയാകുമെന്ന വാഗ്ദാനം നല്‍കുന്ന ആപ്പിലാണ് ആള്‍ക്കാര്‍ വീണത്. മണിക്കൂറുകള്‍ക്കകവും ദിനംപ്രതി എന്ന കണക്കിലും ഇവര്‍ നിക്ഷേപകരില്‍ നിന്നും പണം സമ്പാദിച്ചു. 300 മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ വെച്ച തുക. അടുത്തിടെ ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നാലാമത് വരെ എത്തിയ പവര്‍ബാങ്ക് ഇതില്‍ ഒരു ആപ്പായിരുന്നെന്ന് പോലീസ് പറയുന്നു. ഇതോടെ പവര്‍ബാങ്കിനും ഇഇസഡ്പളാനും എതിരേ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ക്രൈം സെല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തട്ടിപ്പ് കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന ധാരണയിലാണ് ആള്‍ക്കാര്‍ പണം നിക്ഷേപിച്ചത്. നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ കമ്പനി മൊത്തം തട്ടിയെടുത്തതിന്റെ 5 10 ശതമാനം വരെ തുക തിരിച്ചു നല്‍കുകയും ചെയ്തു. ഇതോടെ വാട്‌സ്ആപ്പ് ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിക്ഷേപകര്‍ ബന്ധുക്കളിലേക്കും സുഹൃത്തൃക്കളിലേക്കും ആപ്പ് പ്രചരിപ്പിക്കുകയും ചെയ്തു. നേരിട്ട് ആള്‍ക്കാരിലേക്ക് എത്താതെ സാമൂഹ്യ മാധ്യമങ്ങ വഴിയായിരുന്നു ലിങ്ക് പ്രചരിപ്പിച്ചത്. ഒരിക്കല്‍ വന്‍ തുക ആപ്പ് വഴി നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉടന്‍ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ട് ബ്‌ളോക്കാകും. നിക്ഷേപകന്റെ പണം നഷ്ടമാകുകയും ചെയ്യും.
ഈ ആപ്പുകളെക്കുറിച്ച് ആള്‍ക്കാര്‍ അറിഞ്ഞിരുന്നതും വാട്‌സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു. ഇതിന് പുറമേ വ്യാജബാങ്ക് അക്കൗണ്ടുകളിലും ഇല്ലാത്ത കമ്പനികളിലും പാര്‍ട്ണറാകാന്‍ താല്‍പ്പര്യം കാട്ടിയിരുന്നവര്‍, പണത്തട്ടിപ്പില്‍ താല്‍പ്പര്യമുള്ളവര്‍ എന്നിവരെല്ലാം ലിങ്കില്‍ കയറി തട്ടിപ്പിനിരിയായി. തട്ടിപ്പ് ആപ്പുകള്‍ യൂ ട്യുബ് ചാനല്‍, ടെലിഗ്രാം ചാനല്‍, വാട്സാപ്പ് ചാറ്റ് എന്നിവ വഴി പ്രമോഷന്‍ പരിപാടികള്‍ വഴിയും വന്‍ തോതിലുള്ള എസ്എംഎസ് വഴിയും ലിങ്കുകള്‍ അയയ്ക്കപ്പെട്ടതായി പോലീസ് പറയുന്നു.
ഒരിക്കല്‍ ഈ ആപ്പില്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ ഇരട്ടി കിട്ടാനായി വീണ്ടും വീണ്ടും നിക്ഷേപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നതാണ് ആപ്പിന്റെ രീതി. ചില തട്ടിപ്പ് ആപ്പുകള്‍ ഗൂഗിള്‍ പ്ളേസ്റ്റോറില്‍ വരെ എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.