ന്യൂഡൽഹി: 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാല്‍, നരേൻ, അപര്‍ണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018’ മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.
കാവ്യ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി. ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
അതിനിടെ 2018-ലെ അഭിനയത്തിന് നടൻ ടൊവിനോയ്ക്ക് മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ലഭിച്ചു. നെതര്‍ലൻഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് പുരസ്കാരമാണ് ടൊവിനോ നേടിയത്. വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്ബോഴും ഉയരുന്നതിലാണ് കേരളത്തിന്റെ മഹത്വമെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വീഴാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം. ഓരോ തവണ വീഴുമ്ബോഴും ഉയരുന്നതിലാണ്. 2018ല്‍ അപ്രതീക്ഷിതമായി പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീണുതുടങ്ങി. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണെന്നാണ്. എന്നെ മികച്ച ഏഷ്യൻ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് പുരസ്കാരത്തിന് നന്ദി.
അത് എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. 2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ അവാര്‍ഡിന്റെ പ്രത്യേകത. ഈ പുരസ്കാരം കേരളത്തിനാണ്.”- പുരസ്കാരനേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.