ബലാത്സംഗത്തിനിരയായ 12-കാരി ചോരയൊലിക്കുന്ന നിലയിൽ തെരുവിലൂടെ, ആരും സഹായിച്ചില്ല; നടുക്കുന്ന ദൃശ്യം
ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനില്‍നിന്ന് ആരെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്നനിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അര്‍ധനഗ്നയായനിലയില്‍ ചോരയൊലിച്ച് വീടുകള്‍തോറും കയറിയിറങ്ങിയ പെണ്‍കുട്ടിയെ ആരും സഹായിച്ചില്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരാള്‍ പെണ്‍കുട്ടിയെ ആട്ടിപ്പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ധനഗ്നയായി ചോരയൊലിക്കുന്നനിലയിലാണ് 12 വയസ്സുകാരി തെരുവിലൂടെ നടന്നത്. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തെരുവിലൂടെ അലഞ്ഞുനടന്ന പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തില്‍ എത്തി. പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയശേഷം ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തില്‍ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.