കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 19 കാരി ജീവനൊടുക്കി
ചെന്നൈ: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് 19 കാരിയായ യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശി സ്നേഹയാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രമോദി (25)നെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു.
സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ പ്രമോദ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് സ്നേഹയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ചമുമ്പ് പ്രമോദിന്റെ താംബരത്തെ വീട്ടില്‍നിന്ന് സ്നേഹ സ്വന്തംവീടായ സേലയൂരിലേക്ക് പോയി. കഴിഞ്ഞ ദിവസം രാത്രി പ്രമോദ് ഫോണിലൂടെ വിളിച്ച് കുറെനേരം സ്നേഹയുമായി സംസാരിച്ചിരുന്നു.
അതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച സ്നേഹ തിങ്കളാഴ്ച രാവിലെയായിട്ടും വാതില്‍തുറന്നില്ല. സംശയംതോന്നിയ മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് സ്നേഹയുടെ അച്ഛന്‍ രവിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.