KeralaNews

വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവും; ‘കാക്ക’ അനീഷിന്റെ കൊലപാതകത്തില്‍ ബന്ധുക്കള്‍ അടക്കമുള്ള യുവാക്കളുടെ മൊഴി കേട്ട് ഞെട്ടി പോലീസ്

തിരുവനന്തപുരം: വിവിധ കേസുകളില്‍ പ്രതിയായ ‘കാക്ക’ അനീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മൊഴി കേട്ട് ഞെട്ടിത്തരിച്ച് പോലീസ്. ഇതുവരെ ഒരു കേസില്‍ പോലും പ്രതികളല്ലാത്ത അഞ്ച് യുവാക്കള്‍ നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗമായ അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കാന്‍ വയ്യാതെ എന്നാണ് മൊഴി. അനീഷിന്റെ ബന്ധുക്കളടക്കം പ്രതികളാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. രാത്രി എട്ടരയോടെ പല ദിവസങ്ങളിലും അനീഷ് കിടന്നുറങ്ങുന്ന ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് വച്ചായിരുന്നു കൊലപാതകം. വിവിധ കേസുകളില്‍ പ്രതിയായ അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്.

കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് അനീഷ് ജയിലില്‍ നിന്നിറങ്ങിയത്. അന്വേഷണത്തില്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കള്‍. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങള്‍ കേട്ട് പൊലീസ് ഞെട്ടി.

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായതായി പൊലീസ് പറയുന്നു.

ശനിയാഴ്ച ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കള്‍ ഇരിക്കുകയായിരുന്നു. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതു കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു.

ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്കു ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്പി പി കെ മധുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker