അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; രക്ഷപെടാനായി ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മതിലില്‍ ഇടിച്ച് 16കാരന്‍ മരിച്ചു

വര്‍ക്കല: അമിത വേഗതയിലെത്തിയ ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപെടാനായി ഓടിച്ചുപോകുന്നതിനിടെ മതിലിലിടിച്ചു കയറി 16 കാരന്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന 13 കാരന് ഗുരുതര പരിക്ക്. വര്‍ക്കല ശിവഗിരി ചെറുകുന്നം കണ്ണങ്കര വീട്ടില്‍ നൗഷാദിന്റെയും ശര്‍മിയുടെയും മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. കിളിമാന്നൂരില്‍ പാരലല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്‍ അഹദ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം വ്യാഴം ഉച്ചക്ക് കിളിമാനൂര്‍ തട്ടത്തുമല ജമാ അത്തില്‍ നടക്കും.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നിഹാല്‍ മരിച്ച അബ്ദുല്‍ സമദിന്റെ മാതൃ സഹോദരിയുടെ മകനാണ്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറുകുന്നം കണ്ണങ്കര വീട്ടില്‍ ഹസ്സന്റെയും സല്‍മയുടെയും മകനാണ് നിഹാല്‍. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ എച്ച്. എസ്. എസ്സിലെ വിദ്യാര്‍ത്ഥിയാണ്.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് അപകടങ്ങള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലമ്പലം ഭാഗത്തു നിന്നു അമിത വേഗതയില്‍ വര്‍ക്കല ഭാഗത്തേക്ക് വരുമ്പോള്‍ വടശ്ശേരിക്കോണം ജംഗ്ഷനില്‍ വച്ചാണ് ആദ്യ അപകടം നടന്നത്. മണമ്പൂര്‍ റോഡില്‍ നിന്നും വടശ്ശേരിക്കോണം ജംഗ്ഷനില്‍ സംസ്ഥാന പാതയിലേക്ക് ഓടിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും യാത്രക്കാരും താഴെ വീണെങ്കിലും യാത്രക്കാര്‍ക്കാര്‍ ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായില്ല. സ്‌കൂട്ടറും ബൈക്കും തകര്‍ന്നു പോയിരുന്നു. നാട്ടുകാര്‍ ഓടി കൂടുന്നതിനിടയില്‍ ബൈക്ക് യാത്രക്കാര്‍ തകര്‍ന്ന ബൈക്കില്‍ കയറി അമിത വേഗതയില്‍ ഓടിച്ചു രക്ഷപെടുകയായിരുന്നു. ഈ പോക്കില്‍ പാലച്ചിറ തടം ജംഗ്ഷന് സമീപം മതിലില്‍ ബൈക്ക് ഇടിച്ചു കയറിയാണ് അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News