11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു,’ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ല’; ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന
ടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേൽ അറിയിച്ചു.
ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അൽദഫ്റയിലെത്തിയത് ഇസ്രായേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി.
അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ദില്ലി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യസംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 7 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാം
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel