ന്യൂഡല്‍ഹി: രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് നേരിട്ടു പ്രയാസപ്പെടുത്തിയ മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ആരോഗ്യ മേഖലയ്ക്ക് മാത്രമായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കുള്ള പലിശ നിരക്ക് 7.95 ശതമാനം മാത്രമായിരിക്കും. മറ്റ് മേഖലകള്‍ക്ക് 50,000 കോടി രൂപ കൂടുതലായി അനുവദിച്ചിട്ടുണ്ട്. മറ്റുമേഖലകള്‍ക്കുള്ള പലിശനിരക്ക് 8.25 ശതമാനമായിരിക്കും.
എട്ടിന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ പദ്ധതികള്‍ക്ക് 75 ശതമാനം വരെ വായ്പ നല്‍കും. 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സംരഭങ്ങള്‍ വഴി വായ്പ നല്‍കും. തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം 2022 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അടയ്ക്കും. ടൂറിസം മേഖലയെ കരകയറ്റാന്‍ അഞ്ച് ലക്ഷം സൗജന്യ ടൂറിസം വീസ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.