മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും പോലീസുകാരെയും വീട് കയറി അക്രമിക്കും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

കൊല്ലം: പോലീസുകാരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഭീഷണി പ്രസംഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും അത് തുടര്‍ന്നാല്‍ തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കുക, ജില്ലയിലെ യുവമോര്‍ച്ച നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു വിവാദ പ്രസംഗം.

കെ ടി ജലീലിനെ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നേതാവിന്റെ പ്രസംഗം. പോലീസുകാര്‍ അവരുടെ ജോലിയാണോ ചെയ്യുന്നത് അതോ കാക്കിയിട്ട കമ്മ്യൂണിസ്റ്റുകാരുടെ ജോലിയാണോ എന്ന് നേതാവ് ചോദിച്ചു. യുവമോര്‍ച്ചയുടെ നേതാക്കന്മാരെ മനഃപൂര്‍വം ജയിലില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News