26.8 C
Kottayam
Sunday, May 5, 2024

എയർഗണ്ണിൽനിന്ന് യുവാവിന് വെടിയേറ്റത് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനിടെ;ഒരാൾ അറസ്റ്റിൽ

Must read

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ശനിയാഴ്ച രാത്രി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുപ്പത്തടം വസന്ത് വിഹാറില്‍ അര്‍ജുന്‍ വിനോദിനെ (22) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് ഇയാള്‍ക്കെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

കൂട്ടുകാരുമൊത്ത് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് വെടിയുതിരുകയായിരുന്നു. എരൂര്‍ കുറ്റിക്കാട്ടുകര കോട്ടയ്ക്കല്‍ വീട്ടില്‍ അജ്മല്‍ അലിക്ക് (29) തലയിലാണ് വെടി കൊണ്ടത്. നെറ്റിയില്‍ നേരിയ മുറിവുണ്ട്. അര്‍ജുന്‍ വിനോദിന്റെ പക്കല്‍നിന്ന് മറ്റൊരു വെടിയുണ്ട കൂടി പോലീസ് കണ്ടെടുത്തു. തോക്കും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഞായറാഴ്ച അര്‍ധരാത്രി 12.30-ന് അജ്മല്‍ അലിയും കുടുംബവും ഭക്ഷണം കഴിച്ച് മടങ്ങിവരുംവഴി സ്റ്റേഡിയത്തിനടുത്ത് നില്‍ക്കുമ്പോഴാണ് എയര്‍ഗണ്ണിന് വെടിയേറ്റത്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പാലാരിവട്ടം പോലീസില്‍ അറിയിച്ചശേഷമാണ് ഇദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അര്‍ജുന്‍ അറസ്റ്റിലായത്.

കൈയില്‍ കാശും തിരിച്ചറിയല്‍ രേഖയുമുണ്ടെങ്കില്‍ ആര്‍ക്കും എയര്‍ഗണ്‍ സ്വന്തമാക്കാം. കൈവശംവയ്ക്കുകയും ചെയ്യാം. പക്ഷേ, ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും. അബദ്ധത്തില്‍ ആര്‍ക്കെങ്കിലും വെടിയേറ്റാല്‍ വധശ്രമത്തിനുള്‍പ്പെടെ കേസ് വരാം. ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലാത്തതിനാല്‍ എയര്‍ഗണ്‍ കൈവശമുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നുണ്ട്. കൊച്ചി നഗരത്തില്‍ മാത്രം വര്‍ഷം നൂറുകണക്കിന് എയര്‍ ഗണ്ണുകളാണ് വിറ്റഴിക്കുന്നത്. സ്പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കാണ് കൂടുതലായും വിറ്റുപോകുന്നത്. ഉന്നംപഠിക്കുകയാണ് മുഖ്യലക്ഷ്യം.സ്വയരക്ഷയ്ക്കെന്ന പേരിലും എയര്‍ഗണ്‍ വാങ്ങുന്നവരുണ്ട്. പക്ഷിയെയും മറ്റും വെടിവയ്ക്കാനായും വാങ്ങുന്നവരുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week