ഹരിപ്പാട്: കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു. തുടർന്ന് വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കൂടാതെ ഡിഎംഒയ്ക്ക് ഇന്നു പരാതി നൽകും.
കൊവിഡ് പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ ഊർജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഹരിപ്പാട് ചിങ്ങോലി ഒന്നാം വാർഡ് കരിമ്പിൻ വീട്ടിൽ മുരളീധരൻ മണിയമ്മ ദമ്പതികളുടെ മകൻ അനന്തു (20) ആണ് മരിച്ചത്. യുവാവ് കാർത്തികപ്പള്ളി യുപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽനിന്നാണ് ബുധനാഴ്ച ഉച്ചയ്ക് രണ്ടാം ഡോസ് കോവീഷീൽഡ് വാക്സിൻ സ്വീകരിച്ചത്.
എന്നാൽ,വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറുവേദനയും ഛർദിയും തുടങ്ങി. ലക്ഷണങ്ങൾ രൂക്ഷമായതോടെ വൈകുന്നേരം ആറോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ സ്കാനിംഗിനു നിർദേശിച്ചെങ്കിലും രാത്രി വൈകിയതിനാൽ എടുക്കാൻ കഴിയാതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീണ്ടും ശാരീരികാസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂരിൽ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പി ബാബുവാണ് മരിച്ചത്.
ചാത്തമംഗലം വെള്ളാളശ്ശേരി സ്വദേശിയായ ബാബു കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു.
ഇതിനിടെ ആരോഗ്യനില വഷളാകുകയും, തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച ബാബു ഓഗസ്റ്റ് 22നാണു മരിച്ചത്.