തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സര്‍വത്രവ്യാജ രേഖയെന്ന് കേരള പോലീസ്. പരാതി ഉയര്‍ന്നിരിക്കുന്ന ആപ്പ് ഉപയോഗിച്ചല്ലാതെയും വ്യാജരേഖയുണ്ടാക്കി. വിവിധ എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചെന്നാണ് സൈബര്‍ഡോമിന്റെ കണ്ടെത്തല്‍.
പരാതി ഉയര്‍ന്നിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്തതാണ്. എന്നാല്‍, ഫോട്ടോഷോപ്പ്, സ്‌നാപ്‌സീഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചും വ്യാജരേഖ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഫോണുകള്‍ വ്യാപകമായി ലഭിക്കുന്ന എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചും തിരിമറി നടന്നു. ഫോട്ടോ എഡിറ്റുചെയ്ത് കയറ്റിയും പേരും മറ്റുവിവരങ്ങളും മാറ്റിയുമാണ് വ്യാജ തിരിച്ചറിയില്‍ രേഖകളുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സൈബര്‍ഡോമിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. അന്വേഷണത്തിന്റെ ഭാഗമായി ഒരു ലാപ്‌ടോപ്പും മറ്റുരേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിനുശേഷമാകും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്യുക.
തിരഞ്ഞെടുപ്പ് നടത്തിയ സ്വകാര്യ ഏജന്‍സിക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍, വോട്ടുചെയ്തവര്‍, ഇവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്. ഇവരുടെ മറുപടികൂടി പരിഗണിച്ചാവും തുടരന്വേഷണം.