കോട്ടയം: പതിനൊന്നുകാരിയെ ഓണ്‍ലൈന്‍ ട്യൂഷന്റെ പേരില്‍ ലൈംഗികമായി ഉപയോഗിച്ച മലയാളി യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വര്‍ക്കല കെട്ടിടത്തില്‍ എസ് ഷിജുവാണ് (35) അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മീനാമ്പവക്കം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ചെന്നൈ പോലീസിന്റെ സഹായത്തോടെ പാമ്പാടി സി ഐ വിന്‍സന്റ് ജോസഫ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയയാക്കി വിഡിയോയില്‍ പകര്‍ത്തിയ യുവാവ് ആറ് മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മിസ്‌കോളിലൂടെ പെണ്‍കുട്ടിയുടെ മുത്തശിയുമായി ബന്ധുവെന്ന വ്യാജേന പരിചയപ്പെട്ട ഇയാള്‍ ചെറുമകളെ ഓണ്‍ലൈന്‍ ട്യൂഷന്റെ മറവിലാണ് ചൂഷണത്തിനിരയാക്കിയത്. മലേഷ്യയില്‍ നിന്ന് കുട്ടിയുടെ മുത്തശിയുടെ ഫോണിലേക്ക് മിസ് കോള്‍ ചെയ്താണ് ഇയാള്‍ ഇവരുമായി പരിചയത്തിലായത്. വിദേശത്തുള്ള ബന്ധുവാണെന്ന് കരുതി മുത്തശി ഇയാളോട് കൂടുതല്‍ സംസാരിക്കുക പതിവായിരുന്നു. ഇതിനിടയില്‍ കുടുംബ പശ്ചാത്തലം ഇയാള്‍ മനസിലാക്കിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. കുട്ടിയുടെ വിദ്യാഭ്യാസം എങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ വാട്സ് ആപിലൂടെയാണെന്ന് മുത്തശി പറഞ്ഞു. എന്നാല്‍ താന്‍ കുട്ടിക്ക് ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞത് ഇയാള്‍ മുത്തശിയെ സമ്മതിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ വാട്സ് ആപ് നമ്പര്‍ കിട്ടിയതോടെ ഇയാള്‍ പെണ്‍കുട്ടിയെ നേരിട്ട് വിളിക്കാന്‍ തുടങ്ങി. പലപ്രാവശ്യം വിളിച്ചതോടെ ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയോട് മുറിക്കുള്ളിലേക്ക് പോകാന്‍ പറഞ്ഞു. ഇതിനിടയില്‍ പെണ്‍കുട്ടിയുമായി ലൈംഗിക കാര്യങ്ങളെപ്പറ്റി സംസാരിച്ചു. ഇതോടെ പെണ്‍കുട്ടി പിന്മാറി. വീണ്ടും വീണ്ടും വിളിച്ച് സൗഹൃദം ഉറപ്പിച്ച ഇയാള്‍ പെണ്‍കുട്ടിയെകൊണ്ട് നിര്‍ബന്ധിച്ച് ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയയാക്കി ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തി പകര്‍ത്തുകയായിരുന്നു.
പിന്നീട് ഈ വിഡിയോ കാട്ടി ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവരാണ് പാമ്പാടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ എല്‍ സജിമോന്‍ നേരിട്ട് കേസ് അന്വേഷണം ഏറ്റെടുത്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് ഇയാളെ മലേഷ്യയില്‍ കണ്ടെത്തിയത്.
ഒരു സുഹൃത്തിന്റെ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചിരുന്നത്. ഇത്തരത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ വീഡിയോ ഇയാള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സി ഐക്കൊപ്പം എസ് ഐ പി എസ് അംശു, സി പി ഒ മാരായ സജിത്ത് കുമാര്‍, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.