യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടി ഒളിച്ച് താമസിച്ചത് 10 വര്‍ഷം! നാട്ടുകാരെയും പോലീസിനെയും ഒരു പോലെ ഞെട്ടിച്ച ഒളിജീവിതം

നെന്മാറ: കാണാതായ പെണ്‍കുട്ടിയെ 10 വര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ നാട്ടുകാരും പോലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവള്‍ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെയായിരുന്നു ഒളിജീവിതം.

യുവതിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു ഞെട്ടിക്കുന്ന കഥ നാടറിഞ്ഞത്. പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണു സംഭവം. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മൂന്നു മാസം മുമ്പ് വരെ യുവാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ഒളിവ് ജീവിതം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിയിട്ടു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം.

മുറിയുടെ വാതില്‍ അകത്തു നിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിലെ പലകകള്‍ നീക്കിയായിരുന്നു ഇതിന് വഴിയുണ്ടാക്കിയത്. മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.

യുവതിയുടേയും യുവാവിന്റേയും മൊഴികളില്‍ അവിശ്വസനീയത തോന്നിയതിനാല്‍ പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രായപൂര്‍ത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പര്യം എന്ന് മൊഴി നല്‍കി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News