31.1 C
Kottayam
Friday, May 3, 2024

ചീരയെന്ന് തെറ്റിദ്ധരിച്ച് ഉമ്മത്തിന്റെ ഇല കറിവെച്ചു; വീട്ടമ്മയ്ക്കും കൊച്ചുമകള്‍ക്കും ഭക്ഷ്യവിഷബാധ

Must read

കൊച്ചി: ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വെച്ച് കഴിച്ച അമ്മുമ്മയ്ക്കും കൊച്ചുമകള്‍ക്കും ഭക്ഷ്യ വിഷബാധ. ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളില്‍ച്ചെന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. അപസ്മാര സമാന ലക്ഷണങ്ങളും ഛര്‍ദിയുമായി മണിക്കൂറുകളുടെ ഇടവേളയിലാണ് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരുടെ കൃഷ്ണമണികള്‍ വികസിച്ചിരുന്നു. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു.

പതിനാലുകാരിയായ കൊച്ചുമകള്‍ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപത്തുള്ള ആശുപത്രിയിലുമാണ് ചികില്‍സ തേടിയത്. വീട്ടില്‍ അമ്മൂമ്മയും കാന്‍സര്‍ ബാധിച്ച് കിടപ്പുരോഗിയായ ഭര്‍ത്താവും മാത്രമാണ് താമസം. കറി കഴിച്ച് അല്‍പ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ചര്‍ദ്ദിയും പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയച്ചത്.

ഉടന്‍ തന്നെ മകളും കുടുംബവും സ്ഥലത്തെത്തി. കിടപ്പുരോഗിയായ അപ്പൂപ്പന്‍ വീട്ടിലുള്ളതിനാല്‍ 14 വയസുകാരിയായ മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷം ഇവര്‍ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. അല്‍പ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിച്ചു. ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങള്‍ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്.

കഴിച്ച ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി പറഞ്ഞതോടെ ആമാശയത്തില്‍ നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എടുത്താണ് വിഷബാധ സ്ഥിരീകരിച്ചത്. പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റിയൂറ ഇനോക്സിയ എന്ന ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകള്‍. തണ്ടുകളില്‍ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാല്‍ ചീരയാണെന്നേ തോന്നുകയുള്ളു. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള വിഷച്ചെടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week