കുടിവെള്ളം കിട്ടാതെ അഞ്ചു വയസുകാരി ദാഹിച്ച് വലഞ്ഞ് മരിച്ചു
ജോധ്പുര്‍: രാജസ്ഥാനില്‍ തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് മുത്തശിക്കൊപ്പം നടന്നുപോയ അഞ്ചുവയസുള്ള കുട്ടി ദാഹിച്ചുവലഞ്ഞു വീണു മരിച്ചു. നിര്‍ജലീകരണമാണ് മരണകാരണം. അഞ്ജലിയെന്ന കുട്ടിയാണ് മരിച്ചത്.
ബോധരഹിതയായിക്കിടന്ന കുട്ടിയുടെ മുത്തശ്ശി സുഖി ദേവി (60)യെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ജലോര്‍ ജില്ലയിലെ റാണിവാഡയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സിറോഹി ജില്ലയിലെ വീട്ടില്‍ നിന്ന് ഇരുവരും ജലൂര്‍ ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് യാത്രയാവുന്നത്.
22 കിലോമീറ്റര്‍ നീളമുള്ള വഴി ഒഴിവാക്കി മരുഭൂമിയിലൂടെയും കുന്നുകളിലൂടെയും 15 കിലോമീറ്റര്‍ കുറുക്കുവഴിയിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്. ഞായറാഴ്ച രാവിലെ റാണിവാഡയിലേക്ക് പുറപ്പെടുമ്പോള്‍ സുഖിയും അഞ്ജലിയും കുടിവെള്ളം കൊണ്ടുപോയില്ലെന്ന് റാണിവാഡ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പത്മാ റാം പറഞ്ഞു.
കാലികളെ മേയ്ക്കാനെത്തിയവരാണ് രണ്ടുപേര്‍ മലമുകളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.