ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തു; ഇടുക്കിയില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. ചിന്നക്കനാല്‍ സ്വദേശി വിജയ പ്രകാശ്(23)ആണ് മരിച്ചത്. പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു മരണം. ഇയാള്‍ക്ക് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

ചിന്നക്കനാല്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെ യുവാവ് ബൈക്കില്‍ അമിത വേഗത്തില്‍ പായുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. സൂര്യനെല്ലി വിലക്കിനു സമീപം ശാന്തന്‍പാറയില്‍ നിന്നുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുമ്പോള്‍ വിജയ പ്രകാശ് ബൈക്കിലെത്തി. ബൈക്ക് കസ്റ്റഡിയില്‍ എടുത്ത പോലീസ് സംഘം പേരും മേല്‍വിലാസവും രേഖപ്പെടുത്തിയ ശേഷം വിജയ പ്രകാശിനെ പോകാന്‍ അനുവദിച്ചു.

തുടര്‍ന്ന് സൂര്യനെല്ലി ടൗണില്‍ എത്തിയപ്പോഴാണ് ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാര്‍ തീ അണച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ഏതാനും ദിവസം മുന്‍പ് ചൂടുള്ള ചിക്കന്‍ കറിയും ചോറും ലഭിച്ചില്ല എന്ന് ആരോപിച്ച് വീട്ടുകാരെ മര്‍ദിക്കുകയും വീട് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ശാന്തന്‍പാറ പോലീസ് കേസ് എടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News