ജ്യൂസ് കുടിക്കാനെത്തി; പട്ടാപ്പകല്‍ വ്യാപാരിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്‍ മാലയും പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

തിരുവനന്തപുരം: പട്ടാപകല്‍ വ്യാപാരിയുടെ കഴുത്തില്‍ നിന്ന് അഞ്ച് പവന്‍ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്ഷനു സമീപം പട്ടാപ്പകല്‍ സ്‌കൂട്ടറിലെത്തിയ യുവാവ് അമ്മു സ്റ്റോഴ്‌സ് കടയുടമ ബാഹുലേയന്‍ നായരുടെ കഴുത്തില്‍ കിടന്ന ഒരു പവന്റെ ഏലസടക്കം അഞ്ച് പവനോളം വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞ്.

ഇന്നലെ രാവിലെ 11ന് ആണ് സംഭവം. കടയ്ക്കു മുന്നില്‍ സ്‌കൂട്ടര്‍ വച്ച ശേഷം ഇറങ്ങി വന്ന യുവാവ് ചെറിയ പാക്കറ്റിലുള്ള ജ്യൂസ് വാങ്ങി കുടിച്ചു. പിന്നീട് ഒന്നുകൂടി വാങ്ങി. അതും നല്‍കിയ ശേഷം ബാഹുലേയന്‍ നായര്‍ കടയ്ക്കുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു.

പുറത്തിറങ്ങിയ യുവാവ് പെട്ടെന്ന് അകത്തേക്ക് കയറി വന്ന് കഴുത്തില്‍ നിന്നു മാല വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. കടയുടമ പിന്നാലെയെത്തിയെങ്കിലും സ്‌കൂട്ടറില്‍ കയറിയ യുവാവ് വേഗത്തില്‍ രക്ഷപ്പെട്ടു.

പാന്റും ടീ ഷര്‍ട്ടുമായിരുന്നു യുവാവിന്റെ വേഷം. ഹെല്‍മറ്റും ധരിച്ചിട്ടുണ്ടായിരുന്നു. ഉദ്ദേശം 30 വയസ് തോന്നിക്കുമെന്നാണ് പറയുന്നത്. കഴക്കൂട്ടം ഭാഗത്തു നിന്നു വന്ന യുവാവ് കാട്ടായിക്കോണം ഭാഗത്തേക്കാണ് പോയത്. പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News