യുവനടന്‍ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

മറാത്ത്വാഡ : യുവ മറാത്തി നടന്‍ അശുതോഷ് ഭക്രെ (32) ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ ഗണേഷ് നഗര്‍ പ്രദേശത്തെ മറാത്ത്വാഡ മേഖലയിലെ നാന്ദേഡ് പട്ടണത്തിലെ ഫ്‌ലാറ്റിലാണ് ഭക്രെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ ആണ് ഭക്രെയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മറാത്തി നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവായിരുന്നു ഭാക്രെ. മറാത്തി സീരിയലായ ഖുല്‍ത കാളി ഖുലേനയിലെ അഭിനയത്തിലൂടെയാണ് താരം പ്രശസ്തി നേടിയത്. തുടര്‍ന്ന് മറാത്തി ചിത്രങ്ങളായ ഭകര്‍, ഇച്ചാര്‍ താര്‍ല പക്ക എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അടുത്തിടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള നന്ദേഡിലെ ശിവാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ അപകട മരണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News